കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പള്‍സര്‍ സുനി) ബ്ലാക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ ദിലീപിന്‍റെ മൊഴിയെടുക്കും. നാദിര്‍ഷയുടേയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു.

സംഭവത്തിൽ നടൻ ദിലീപിനെ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു പലതവണ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ഇന്നലെ പറഞ്ഞിരുന്നു. പൾസർ സുനിയുടെ സുഹൃത്ത് ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നു പരിചയപ്പെടുത്തിയ വ്യക്തിയാണു പണം ആവശ്യപ്പെട്ടതെന്നും നാദിർഷ പറഞ്ഞിരുന്നു.

പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു പരാതി നൽകിയതായി ദിലീപ് വ്യക്തമാക്കി. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ