കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് എട്ടിലെ ഉത്തരവില്‍ നിര്‍ദേശിച്ച സമയക്രമം നീട്ടണമെന്നുമാണു പ്രോസിക്യൂഷന്റെ ആവശ്യം.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യേണ്ടതുണ്ടന്നും പ്രോസിക്യൂഷന് അറിയിച്ചു. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തിയാലേ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാനാവൂ. ചോദ്യം ചെയ്യാന്‍ സമയം തേടിയപ്പോള്‍ ചെന്നൈയിലാണെന്നും അടുത്തയാഴ്ചയെ ഹാജരാവാനാവൂയെന്നുമാണു കാവ്യ അറിയിച്ചതെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിരവധി തവണ കണ്ടതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു.
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലേക്കു കൊണ്ടുപോയത് അഭിഭാഷകരാണെന്നാണ് ആരോപണം.
Also Read: വിനോദയാത്രക്കിടെ അപകടം; ഉഡുപ്പിയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
ഹര്‍ജി നാളെ പരിഗണിച്ചേക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചത്.
അതിനിടെ, ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി തേടി ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്കാണു നോട്ടീസ് അയയ്ക്കുക.
തെളിവ് നശിപ്പിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്. നേരത്തെ ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നുവെങ്കിലും ചട്ടപ്രകാരമല്ലാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ നടിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നടപടിക്രമങ്ങള്‍ പാലിച്ച് കഴിഞ്ഞദിവസം നേരിട്ടു പരാതി നല്‍കിയത്. പരാതിയുടെ 30 പകര്‍പ്പ് സഹിതം 2500 രൂപ ഫീസടച്ചാണ് പരാതി നല്‍കിയത്.