കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. വിസ്താരം പൂർത്തിയാക്കാനും പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തിനുമായി പത്ത് ദിവസമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രോസിക്യുഷൻ്റെ നടപടി. ഹർജി ജസ്റ്റീസ് കൗസർ ഇടപ്പഗത്ത് അടുത്ത ദിവസം പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്നാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇതിനെതിരെ ദിലീപും ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണ നീട്ടരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്നും ദിലീപ് ആരോപിക്കുന്നത്.
Also Read: ഗൂഢാലോചനക്കേസ്: ചോദ്യം ചെയ്യൽ രണ്ടാം ദിനം, ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇന്ന് രാവിലെ ഒമ്പത് മണിമുതൽ ചോദ്യം ചെയ്യൽ പുനരാരംഭിച്ചു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
ശനിയാഴ്ചയാണ് ദിലീപിനെ മൂന്ന് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്യാനുള്ള അനുമതി കേരള ഹൈക്കോടതി നല്‍കിയത്. ചോദ്യം ചെയ്തതിന് ശേഷം വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
ദിലീപ്, സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എന്‍.സൂരജ്, ബി.ആർ.ബൈജു, ആർ.കൃഷ്ണപ്രസാദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.