കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർമ്മാതാവ് ആന്റോ ജോസഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി സംവിധായകൻ ലാലിന്റെ വീട്ടിൽ ആദ്യം എത്തിയത് നിർമ്മാതാവ് ആന്റോ ജോസഫാണ്.

പൾസർ സുനിയുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. സുനിയെ അറിയുന്ന സിനിമ മേഖലയിൽ നിന്നുള്ളവരോട് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ഗൂഢാലോചന സംബന്ധിച്ച വിഷയങ്ങളിലേക്കാണ് പൊലീസ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.

സംഭവ ദിവസം സംവിധായകന്‍ ലാലിന്റെ കാക്കനാട്ടുള്ള വീട്ടില്‍ ആദ്യമെത്തിയതോടെയാണ് ആന്റോ ജോസഫ് നേരത്തേ പ്രതിസ്ഥാനത്തായത്. ഇദ്ദേഹത്തിന്റെ ഫോണിൽ നിന്ന് പൾസർ സുനിയുടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.

പൾസർ സുനിക്ക് രക്ഷപ്പെടാനുള്ള സന്ദേശമായിരുന്നു ഈ ഫോൺ വിളിയെന്നാണ് ആദ്യം സംശയം ഉയർന്നത്. എന്നാൽ തൃക്കാക്കര എസിപിയുടേയും തൃക്കാക്കര എംഎൽഎയുടെയും സാന്നിദ്ധ്യത്തിൽ ഇവർ കൂടി ആവശ്യപ്പെട്ടാണ് താൻ ഫോൺ വിളിച്ചതെന്ന് പിന്നീട് ആന്റോ ജോസഫ് വിശദീകരിച്ചിരുന്നു. പൾസർ സുനിയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ