കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണം നീണ്ടുപോകാതെ സമഗ്രമായ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന്റെ ശ്രമം. പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. അതേസമയസം, രഹസ്യവിചാരണയ്ക്കും സാധ്യതയുണ്ട്.

അതിനിടെ, സിനിമാ രംഗത്തേക്ക് തിരിച്ചുവരാനുളള നീക്കമാണ് കേസിലെ പ്രതിയായ നടൻ ദിലീപ് നടത്തുന്നത്. ജയിലിലായതോടെ മുടങ്ങിയ രണ്ടു സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ദിലീപ് ആദ്യ പരിഗണന നൽകുന്നത്. കെപിഎസി ലളിത, ഹരിശ്രീ അശോകൻ, രാമലീലയുടെ സംവിധായകൻ അരുൺ ഗോപി, നിർമാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയവർ ഇന്നലെ ദിലീപിനെ വീട്ടിലെത്തി കണ്ടിരുന്നു.

ജാമ്യം ലഭിച്ചതിനു പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടൻ ദിലീപിനെ വീണ്ടും ഇന്നലെ തിരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകം, സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ