കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് പിടിയിലായതിന് പിന്നാലെ അന്വേഷണം ഇദ്ദേഹത്തിന്റെ ഭാര്യ കാവ്യയിലേക്കും നീളുന്നു. കാവ്യ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ദിലീപിന്റെ ഇടപാടുകളെ പിന്തുടർന്നാണ് ചോദ്യം ചെയ്യൽ എന്ന് പൊലീസ് വൃത്തങ്ങൾ വിവരം നൽകി.

നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു പ്രതികൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന അഡ്വ.ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലോടെയാണ് ഇക്കാര്യം കൂടുതൽ ശക്തമായി ഉയർന്നുവന്നത്. ഇത് ശ്യാമളയാണോയെന്നും സംശയം ഉയർന്നിരുന്നു.

ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങുന്നതിന് മുൻപ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള
ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി വിവരമുണ്ടായിരുന്നു. പൊലീസ് പരിശോധനയിൽ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതായി പിന്നീട് വ്യക്തമായി.

ലക്ഷ്യയുടെ നടത്തിപ്പ് ചുമതല കാവ്യയുടെ അമ്മയായ ശ്യാമളയ്ക്കാണ്. ഇവരാണോ പ്രതികളുമായി ബന്ധപ്പെട്ടതെന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിളിച്ചുവരുത്തിയിരിക്കുന്നത്. ഇന്ന് ആലുവ പൊലീസ് ക്ലബിൽ വച്ചായിരിക്കും ഇരുവരുടെയും മൊഴിയെടുക്കുക.

അതേസമയം ദിലീപുമായി അന്വേഷണ സംഘം ഇന്ന് തൃശ്ശൂരിലെത്തി തെളിവെടുക്കും. ഹോട്ടൽ ഗരുഡ,ഹോട്ടൽ ജോയ്സ് പാലസ് എന്നിവിടങ്ങൾക്ക് പുറമേ തൃശ്ശൂർ ടെന്നിസ് ക്ലബിലും തെളിവെടുക്കും.

പൾസർ സുനിയും നടൻ ദിലീപും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരേ സമയം ഈ ടവർ ലൊക്കേഷനുകളിൽ പല തവണ വന്ന സാഹചര്യത്തിലാണ് ദിലീപിനെ തെളിവെടുക്കാനായി കൊണ്ടുവന്നത്. ഇന്നും കൂടിയാണ് ദിലീപിനെ കസ്റ്റഡിയിൽ വയ്ക്കാൻ അന്വേഷണ സംഘത്തിന് അനുമതി ഉള്ളത്.

അതേസമയം ദിലീപിനെ തെളിവെടുപ്പിനായി എത്തിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾ ദിലീപിനെതിരെ കൂകി വിളിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.