കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു. 2016 നവംബർ 13നു ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ പ്രതികൾ കണ്ടുമുട്ടിയ തൃശൂർ ടെന്നിസ് ക്ലബ്ബിലും ഹോട്ടലിലും ഇന്നു തെളിവെടുപ്പു നടത്തും. ഹോട്ടലിൽ ദിലീപും സുനിൽ കുമാറും ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ജോർജേട്ടൻസ് പൂരം സിനിമയുടെ ലോക്കേഷൻ സ്ഥലത്ത് ദിലീപും സുനിൽ കുമാറും തമ്മിൽ കണ്ടിരുന്നതായി പൊലീസ് സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇന്നലെ ദിലീപിനെയും കൊണ്ട് പൊലീസ് എറണാകുളത്തും തൊടുപുഴയിലും തെളിവെടുപ്പു നടത്തിയിരുന്നു. ദിലീപും മുഖ്യപ്രതി പൾസർ സുനിയും കണ്ടുമുട്ടിയ എറണാകുളം എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പർ മുറി, 2016 നവംബർ 14ന് ഇവർ കണ്ടുമുട്ടിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപത്തെ ഷൂട്ടിങ് ലൊക്കേഷൻ, 2016 നവംബർ എട്ടിനു കണ്ടുമുട്ടിയ എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വില്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ് ’ ജംക്‌ഷൻ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

2016 നവംബർ 14ന് കോളജിൽ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ചിത്രീകരണം കോളജ് ഓഡിറ്റോറിയത്തിനു സമീപത്തെ കപ്പേളയിൽ നടന്നിരുന്നു. ഇവിടെ വച്ചു കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ദിലീപ് കണ്ടുവെന്നും നടിയെ ആക്രമിക്കാൻ തുടർ ഗൂഢാലോചന നടത്തിയെന്നുമാണു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ