കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുളള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ ഫോണിൽ വിളിച്ച് പൊലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു.

അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം റിമി ടോമിയെ വിളിച്ച് ചോദിച്ചത്. റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ദിലീപിനും കാവ്യയ്ക്കും ഒപ്പം റിമി ടോമിയും സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയിരുന്നു. ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്താണ് റിമി ടോമി.

നടി ആക്രമണത്തിനിരയായ സംഭവത്തിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നായിരുന്നു സംഭവത്തിനുപിന്നാലെ റിമി ടോമി പ്രതികരിച്ചത്. ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം ഞാനും അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. അത് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. അമേരിക്കന്‍ യാത്രയിലുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരങ്ങൾ ചോദിക്കുന്നുണ്ട്. കേസുമായി ബന്ധമുണ്ടായിട്ടല്ല തന്നെ വിളിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിമി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ