കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാർഡ് തേടിയെന്ന് സൂചന. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇവിടെ ഏൽപ്പിച്ചുവെന്നാണ് മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) നൽകിയിരിക്കുന്ന മൊഴി. കൂട്ടുപ്രതി വിജീഷാണ് ഇവിടെ കൊണ്ടു കൊടുത്തതെന്നും സുനി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി തേടിയാണ് സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്.

അതേസമയം, സുനിലിന്റെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ കാർഡ് കൊച്ചിയിലെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നാണ് സുനിൽ പൊലീസിനോട് പറഞ്ഞത്. ജയിലിൽ കാണാനെത്തിയപ്പോഴാണ് കാർഡ് നൽകിയതെന്നും പറഞ്ഞിരുന്നു. പിന്നീട് മെമ്മറി കാർഡ് കായലിൽ ഒഴുക്കിയെന്നും പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർഡ് കണ്ടെത്താനായില്ല. അതിനാൽ സുനിൽ ഇപ്പോൾ നൽകിയിരിക്കുന്ന മൊഴിയിൽ വ്യക്തത വരുത്താനാണ് കാവ്യയുടെ വസ്ത്ര സ്ഥാപനത്തിൽ പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം സ്ഥാപനവുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

യുവനടിയെ തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസിൽ പരിശോധന നടത്തിയത്. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ