കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷയെയും വേണ്ടി വന്നാൽ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നും ആലുവ റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു. കേസിൽ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നു നടൻ ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കൽ ഇന്നു പുലർച്ചെ 1.15നാണ് അവസാനിച്ചത്. രണ്ടു മുറികളിലായിട്ടായിരുന്നു മൊഴിയെടുപ്പ്.

അന്വേഷണ സംഘത്തിന്റെ ചില ചോദ്യങ്ങളോടു ദിലീപും നാദിർഷായും പരസ്പര വിരുദ്ധമായി പ്രതികരിച്ചതാണു മൊഴിയെടുപ്പു നീണ്ടുപോവാൻ കാരണമെന്നാണു സൂചന. ഇരുവരും അന്വേഷണ സംഘത്തോടു സഹകരിച്ചെന്നു പൊലീസ് പിന്നീട് പറഞ്ഞു. അതേസമയം, മൊഴിയെടുക്കലിനുശേഷം അതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ദിലീപ് തയാറായില്ല. ആത്മവിശ്വാസമുണ്ടെന്നു മാത്രം ദിലീപ് പറഞ്ഞു. നാദിർഷാ നിശബ്ദനായാണു മടങ്ങിയത്. ഇരുവരും നടൻ സിദ്ദിഖിനൊപ്പമാണ് മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ