കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ അന്വേഷണ സംഘം കോടതിയിലേക്ക്. മാധ്യമചർച്ചകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്.

കേസിൽ ദിലീപുമായി ബന്ധപ്പെട്ട കുറ്റപത്രം ചർച്ച ചെയ്യുന്നതിൽ മാധ്യമങ്ങളെ വിലക്കണമെന്നാണ് ആവശ്യം. സാക്ഷികളുടെ പേര് വിവരങ്ങൾ ചാനലുകൾ വെളിപ്പെടുത്തുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം.

സിആർപിസി 327 (32) വകുപ്പ് പ്രകാരമാണ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.  ദിലീപ് എട്ടാം പ്രതിയായ കേസിൽ മുൻ ഭാര്യ മഞ്ജു വാര്യരടക്കം നിരവധി സാക്ഷികളുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ഇതിലെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ജുഡീഷ്യറിയുടെ അധികാരപരിധിയിലേക്ക് മാധ്യമങ്ങൾ കടന്നതായാണ് വിമർശനം ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ