കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയതായി സൂചന. കേസിലെ മുഖ്യ പ്രതി പൾസർ സുനി തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ നൽകിയതിനെത്തുടർന്നാണെന്ന് നടിയോട് പറഞ്ഞിരുന്നു. എന്നാൽ ഇത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിടിയിലായ പൾസർ സുനി, വിജീഷ്, തമ്മനം മണികണ്‌ഠൻ, മാർട്ടിൻ, വടിവാൾ സലിം, പ്രദീപ് എന്നിവർക്കെതിരെ മാത്രമാണ് തെളിവ് ലഭിച്ചിട്ടുളളത്. പൊലീസിന്റെ സംശയം ഉറപ്പിക്കുന്നതിനായി കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ പിടിയിലായവർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്താൻ ആവശ്യമായ തെളിവുകളും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.

അതേസമയം, മുഖ്യപ്രതി പൾസർ സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടെന്ന് ഏഷ്യാനനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഇതിനിടെ, പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് പൾസർ സുനി പൊലീസിന് മൊഴി നൽകി. സുനിയുടെ അഭിഭാഷകന് കൈമാറിയ ഫോണിലേക്കാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പ്രതി പറഞ്ഞു. അഭിഭാഷകൻ കോടതിയിൽ ഏൽപിച്ച ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ