കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതായി റിപ്പോർട്ടുകൾ. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം നല്‍കിയേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നടന്ന ദിവസം ദിലീപ് നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയതിനാല്‍ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കരുതുന്നു. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു.

നാദിര്‍ഷാ ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതായും പൊലീസിന് സംശയമുണ്ട്. പല സാക്ഷിമൊഴികളില്‍നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ നാദിര്‍ഷാ അറിയില്ലെന്ന് പറയുന്നതായാണ് സൂചന. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍ സുനിയെത്തി 25,000 രൂപ നാദിര്‍ഷായുടെ കൈയ്യില്‍നിന്ന് കൈപ്പറ്റിയെന്ന വിവരമാണ് ഇതിലൊന്ന്.

അതേസമയം, ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാംതവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.