തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ സംഘത്തിന് യാതൊരു വിധ വീഴ്ചകളും പറ്റിയിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മികച്ച രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസിലെ മിക്ക പ്രതികളെയും പൊലീസ്​ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന പൾസർ സുനിക്കായി തിരച്ചിൽ​ തുടരുകയാണ്. ഇയാൾ ഉടൻ പിടിയിലാകുമെന്നും പിണറായി വിജയൻ പറഞ്ഞു,

അതേസമയം, ബീനീഷ് കോടിയേരിക്കെതിരെ ഉയർന്ന​​​​ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. കേരളത്തിൽ ആർക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന സാഹചര്യമാണ് ഉള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ രംഗത്തെ ക്രിമിനൽവത്കരണത്തെപ്പറ്റി തത്ക്കാലം ഒന്നും പ്രതികരിക്കാനില്ലെന്നും നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ