കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി. തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശമെത്തിയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് ശരത്തിനെതിരെ അന്വേഷണമുണ്ടായത്. ശരത്തിന്റേതെന്ന് സംശയിക്കപ്പെടുന്ന നിര്‍ണായക ശബ്ദരേഖകളും പുറത്തു വന്നിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിക്കൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം. കേസില്‍ കൂറുമാറിയവരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുമെന്നുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു.
സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ കേസില്‍ കൂറുമാറിയിരുന്നു. കേസിൽ നിർണായകമെന്ന് കരുതപ്പെടുന്നവരുടെ മൊഴികളായിരിക്കും വീണ്ടും രേഖപ്പെടുത്തുക. നേരത്തെ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
Also Read: കണ്ണുരുട്ടിയോ സിപിഎം? കുന്നംകുളം പോസ്റ്റ് ‘ചുരുട്ടി’ ശ്രീനിജിൻ