കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല. ദൃശ്യങ്ങളുടെ പരിശോധന ഫലം വരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തളളി. ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതിയുടെ അനുമതി പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന. ഇതിനുപിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയിൽ ദിലീപ് സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ദൃശ്യങ്ങള്‍ സെൻട്രൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.

Read Also: ഡൽഹി കൂട്ട ബലാത്സംഗ കേസ് പ്രതിയുടെ ദയാഹർജി രാഷ്ട്രപതി തളളി

നടിയെ ആക്രമിച്ച കേസിൽ ഈ മാസം 30 ന് വിചാരണ തുടങ്ങും. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. 136 സാക്ഷികളെ കോടതി വിസ്തരിക്കും. കേസില്‍ 11-ാം സാക്ഷിയാണ് മഞ്ജു വാരിയര്‍. ആദ്യ ഘട്ടത്തില്‍ തന്നെ മഞ്ജു വാരിയറെ വിസ്തരിക്കാന്‍ സാധ്യതയുണ്ട്. സാക്ഷിപ്പട്ടികയില്‍നിന്ന് ആവശ്യമില്ലാത്തവരെ പിന്നീട് ഒഴിവാക്കും.

ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.