കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷായുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പൊലീസ് ക്ലബിൽ വച്ച് നാലര മണിക്കൂറാണ് നാദിർഷായെ അന്വഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ ദിലീപും താനും നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിനുശേഷം പുറത്തെത്തിയ നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം കോടതിയിൽ ബോധ്യപ്പെടുത്തും. സുനിൽകുമാറുമായി നേരിട്ട് പരിചയമില്ല. ചോദ്യം ചെയ്യൽ സൗഹാർദപരമായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിർഷാ പറഞ്ഞു.

കട്ടപ്പനയിലെ ഋത്വിക് റോഷൻ സിനിമയുടെ ചിത്രീകരണ സമയത്ത് സെറ്റിലെത്തി തന്റെ കയ്യിൽനിന്നും പണം കൈപ്പറ്റിയെന്ന സുനിയുടെ മൊഴിയെക്കുറിച്ചും പൊലീസിനോട് വ്യക്തത വരുത്തിയതായി നാദിർഷാ പറഞ്ഞു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയിലായിരുന്നു ഇത്. ഇതനുസരിച്ച് കഴിഞ്ഞ വെളളിയാഴ്ച ചോദ്യം ചെയ്യലിന് നാദിർഷാ ഹാജരായിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു.

കോടതി നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ 9.45 ഓടെയാണ് നാദിര്‍ഷാ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവേ നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയർന്നു. ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പൊലീസിനെ അറിയിച്ചെങ്കിലും ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ