കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മെമ്മറി കാർഡ് വിചാരണ കോടതി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കണം. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവെച്ച കവറിൽ റിപ്പോർട്ട് കോടതിക്ക് കൈമാറണം.
അന്വേഷണം എങ്ങനെ വേണമെന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശമാണന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് ബച്ചു കുരിയന്റെ ഉത്തരവ്. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന ദിലിപിന്റെ ആവശ്യം കോടതി തള്ളി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് ആരോ തുറന്നിട്ടുണ്ടെന്നും ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും വീണ്ടും പരിശോധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ, അന്വേഷണത്തിൽ കോടതികൾ പരിമിതമായേ ഇടപെടാറുള്ളൂ. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് കോടതിക്ക് പറയാനാവില്ല. വിദഗ്ധരാണ് അഭിപ്രായം പറയേണ്ടത്. പ്രതിഭാഗത്തിന് പ്രത്യേക അവകാശങ്ങളില്ല. മെമ്മറി കാർഡ് പരിശോധിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ മേൽക്കോടതികളിൽ പ്രതിഭാഗം അവർക്ക് അനുകൂല സാഹചര്യമായി അവതരിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡ് പരിശോധനക്കയക്കേണ്ടന്ന വിചാരണക്കോടതി നിലപാടിൽ തെറ്റുണ്ടെന്നും ഹൈക്കോടതി ഇടപെടണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി വാദത്തിനിടെ തിരുവനന്തപുരം ഫോറൻസിക് ലാബിലെ അസിസ്റ്റൻഡ് ഡയറക്ടർ ദീപയിൽ നിന്ന് ശാസ്ത്രീയമായ അഭിപ്രായം തേടിയിരുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാൽ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകുമെന്ന് ചോദിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമം എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ പരിശോധനയയ്ക്ക് രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.