ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് എ.എൻ.ഖാൻവിൽക്കർ, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കാനാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നില്ലെങ്കിലും സർക്കാരിന് വേണ്ടി സീനിയർ അഡ്വക്കേറ്റ് ഹരൺ പി.റാവൽ കോടതിയിൽ ഹാജരായി.  നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് നേതൃത്വം നൽകിയ എഡിജിപി ബി.സന്ധ്യയും കോടതിയിൽ ഹാജരായിരുന്നു.

ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ പൊലീസ് എതിര്‍ത്തിരുന്നു. ദൃശ്യങ്ങളില്‍ സ്ത്രീ ശബ്ദമുണ്ടെന്നും, ഇത് ആക്രമിക്കപ്പെട്ട നടിയുടേത് ആണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് കാര്യങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സമീപിച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കിട്ടിയാൽ അത് പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം ഉയർത്തി. ഇത് അംഗീകരിച്ച് കോടതി ദിലീപിന്റെ ആവശ്യം തളളുകയായിരുന്നു.

Read More: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീം കോടതിയില്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ