scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍ വിചരണക്കോടതിയില്‍ ഹാജരായി

ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പിക്കാനായാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്

Actress Attack Case, Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പിക്കാനായാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജാരാക്കിയ ഓഡിയൊ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെയാണോയെന്ന് കണ്ടെത്തുന്നതിനായാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിസ്താരത്തിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി മഞ്ജുവിന് നോട്ടീസ് അയച്ചത്. എന്നാല്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കുന്നത് ചോദ്യം ചെയ്ത് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിസ്താരം നീണ്ടു പോയത്. എന്നാല്‍ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി നിരസിക്കുകയായിരുന്നു.

കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടതു തങ്ങളല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് കെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് നിലപാടെടുത്തത്. കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.

കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. 30 പ്രവൃത്തി ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ ഓഡിയൊ ക്ലിപ്പുകളിലെ ശബ്ദം തിരിച്ച് അറിയുന്നതിനാണു മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടത്. ദിലീപ്, സഹോദരൻ, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ ശബ്ദമാണു തിരിച്ചറിയാനാണുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case manju warrier trail updates