കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രമുഖരുടെ മൊഴികൾ വാർത്താ ചാലനുകൾ പുറത്തുവിട്ടു. മഞ്ജു വാര്യർ, കാവ്യാ മാധവൻ, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, മുകേഷ്, സംയുക്ത വർമ്മ എന്നിവർ അന്വേഷണ സംഘത്തിനു മുൻപാകെ നൽകിയ മൊഴികളാണ് പുറത്തുവന്നത്.

മഞ്ജു വാര്യരുടെ മൊഴി
ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ‘നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

കാവ്യ മാധവന്റെ മൊഴി
നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറഞ്ഞു. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായി. അമ്മ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്‍റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി. താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ മഞ്ജുവിന് അയച്ചുകൊടുത്തു. നടി ആക്രമിക്കപ്പെട്ട വിവിരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പൾസർ സുനിയെ തനിക്കറിയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടു. ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞു. മഞ്ജു വാരിയര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണ്.

മുകേഷിന്റെ മൊഴി
നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പൾസർ സുനി ഏല്‍പിച്ച ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ചു. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴാണ് മോഷണം നടന്നത്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നു. പിന്നീട് നടി ‘നീതി കിട്ടണം’ എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്. സുനിയെ പറഞ്ഞുവിട്ടത് വാഹനം ഒരു ലോറിയുമായി തട്ടിയശേഷമായിരുന്നു. നടിയും ദിലീപും തമ്മിലുള്ള പ്രശ്നം അറിഞ്ഞിരുന്നു. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ല. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് ഡ്രൈവര്‍. സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നു. ദിലീപിനെ ആവശ്യമില്ലാതെ വിളിക്കാറില്ല.

റിമി ടോമിയുടെ മൊഴി
2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ട്. 2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ഞാന്‍ പങ്കെടുത്തു. 2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

2013ലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നുംതന്നെയില്ല. ഞങ്ങള്‍ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാന്‍ അറിയുന്നത് ടിവിയില്‍ വാര്‍ത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒമ്പത് മണിയോടെ ഞാന്‍ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തില്‍ തോന്നിയില്ല. അതെന്താണെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തിരുന്നു.

കുഞ്ചാക്കോ ബോബന്റെ മൊഴി
നടന്‍ ദിലീപ് എന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടന്‍ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്‍മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

സിദ്ദിഖിന്റെ മൊഴി
2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 6.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.

സംയുക്ത വർമ്മയുടെ മൊഴി
ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്‍കി. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ