കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുള്ള ‘മാഡം’ എന്ന സ്ത്രീ കാവ്യാ മാധവൻ തന്നെയെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ.’ആരാണ് മാഡം? കാവ്യാ മാധവനാണോ?’ എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ‘എന്റെ മാഡം കാവ്യയാണ്’ എന്ന് സുനിൽ കുമാർ പറഞ്ഞത്. മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. താന്‍ കള്ളനല്ലേ കള്ളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍‌.

നടിയെ ആക്രമിച്ച കേസിൽ മാഡം എന്നത് കെട്ടുകഥയല്ലെന്ന് പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലിൽ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ഓഗസ്റ്റ് 16ന് താൻ ഇത് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് മാഡം നിരപരാധിയെന്ന് വെളിപ്പെടുത്തി പൾസർ സുനി തന്നെ രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ മാഡത്തിന് പങ്കില്ലെന്നാണ് പൾസർ സുനിയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പള്‍സര്‍ സുനി.

ആദ്യം നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നൽകിയപ്പോൾ നടി പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു.

എന്നാൽ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസ് പറഞ്ഞതെന്നായിരുന്നു ചാനൽ റിപ്പോർട്ടുകൾ. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മാഡത്തെക്കുറിച്ച് സുനി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ