കോട്ടയം: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സുനിയെ ഇന്ന് ഹാജരാക്കിയിരുന്നു. ഇതിനു പുറത്തിറങ്ങിയപ്പോഴാണു മാധ്യമങ്ങളോടായി പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസിൽ മാഡം എന്നത് കെട്ടുകഥയല്ലെന്ന് പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലിൽ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ഓഗസ്റ്റ് 16ന് താൻ ഇത് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു. ഇതാണ് ഇന്ന് സുനി വീണ്ടും ആവർത്തിച്ചത്.
നേരത്തെ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നൽകിയപ്പോൾ നടി പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസ് പറഞ്ഞതെന്നായിരുന്നു ചാനൽ റിപ്പോർട്ടുകൾ. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മാഡത്തെക്കുറിച്ച് സുനി തന്നെ വെളിപ്പെടുത്തിയത്.