തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്യുന്നതിന് മുൻപ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു വിവരം എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനേ ഉപകരിക്കൂ. അതു വഴി അന്വേഷണം മുഖ്യമന്ത്രി ആഗ്രഹിക്കുന്ന തരത്തിലേക്ക് വഴി തിരിച്ച് വിടാനാണ് ശ്രമം. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന നിലപാടിൽ നടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ദൂരൂഹമാണ്. സമഗ്രവും സ്വതന്ത്രവുമായി കേസ് അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം വഴി തിരിച്ചുവിടാനാണ് ഈ പ്രസ്താവനയെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.