കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിയ്ക്കുമെതിരം അതിജീവിത പരാതി നല്‍കിയ സംഭവം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോടിയേരി വ്യക്തമാക്കി.
“തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം ആണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാർട്ടിയും സർക്കാരും നടിയ്ക്ക് ഒപ്പമാണ്. അത് നാടിന് അറിയുന്ന കാര്യമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ്,” കോടിയേരി ആരോപിച്ചു.
“പരാതി ഉണ്ടായിരുന്നെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താല്പര്യം ആണ് സർക്കാരിന്റേതും. പ്രോസിക്യൂട്ടറേയും വനിതാ ജഡ്ജിയേയുമെല്ലാം വച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നത്,” കോടിയേരി ചോദിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജുവും നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും ആന്റണി രാജു ആരോപിച്ചു.
“നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തും,” ആന്റണി രാജു വ്യക്തമാക്കി.
Also Read: ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍