കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നത് 26 ലേക്കു മാറ്റി. തെളിവുകൾ ക്രൈം ബ്രാഞ്ച് മുദ്രവച്ച കവറിൽ കോടതിക്കു സമർപ്പിച്ചു.
ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്. നേരത്തെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്.
നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതിയാണ് ദിലീപിന് ഉപാധികളോടെ ജാമ്യം നൽകിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചത്. മേയ് 30 നു മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം.
നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണന്ന ദിലീപിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിരസിച്ചു. കേസിലെ ഒരു കക്ഷി ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അന്വേഷണ ഏജൻസിയെ മാറ്റാനാവില്ലെന്നും പ്രതിക്ക് അന്വേഷണ ഏജൻസിയെ തീരുമാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Read More: ദിലീപിന് തിരിച്ചടി, വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്ജി തള്ളി