കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  സംഭവം അന്വേഷിക്കുന്ന  പൊലീസ് സംഘം കടുത്ത സമ്മർദ്ദത്തിലാണെന്ന് വിവരം. കേസിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം തെളിയിക്കാൻ സാധിക്കാത്തതും ഈ കേസിലെ പ്രധാന തെളിവാകും എന്ന് കരുതുന്ന  ഫോണും മെമ്മറി കാർഡും  കണ്ടെത്താനാകാത്തതുമാണ് പൊലീസിനെ വലയ്ക്കുന്നത്. സാഹചര്യത്തെളിവുകൾ ശക്തിപ്പെടുത്താനുളള​ ശ്രമമാണ്  പൊലീസ്  ഇപ്പോൾ നടത്തുന്നത്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ  പ്രതികളും പിടിയിലായ സാഹചര്യത്തിൽ അധിക കാലം കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകാൻ പൊലീസിന് സാധിക്കില്ല. മാർച്ച് ആറിന് പൾസർ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിരികെ ഏൽപ്പിക്കുന്നതിന് മുൻപ് ഫോൺ വീണ്ടെടുക്കാനുള്ള ശ്രമം ഉണ്ട്. എന്നാൽ വിവാദം കെട്ടടങ്ങിയ ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പൾസർ സുനിയും സംഘവും നടിയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാൽ തെളിവുകളുടെ അഭാവം പൊലീസിനെ വലയ്ക്കുന്നുണ്ട്. ദൃശ്യങ്ങൾ ഇല്ലാതെ ഇത് സമർത്ഥിക്കാൻ സാധിക്കില്ല. മണികണ്ഠനെ മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോഴത്തെ നീക്കം. മണികണ്ഠന്റെ മൊഴിയും ഫോറൻസിക് പരിശോധനാ ഫലങ്ങളും  കേസ് തെളിയിക്കുന്നതിന് സഹായകമാകുമെന്നാണ്  പൊലീസ് കരുതുന്നത്. എന്നാൽ നടിയുടെ വൈദ്യ പരിശോധനയിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണം ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥൻ അനൗദ്യോഗികമായി പറഞ്ഞു. എങ്കിലും നടിയെ തട്ടിക്കൊണ്ടുപോയതും പീഡനശ്രമവും തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് പൊലീസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണികണ്ഠനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം ഫലവത്താവില്ലെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പൊലീസിന്റെ പിടിയിൽ നിന്ന് പുറത്തായാൽ ഇയാൾ കൂറുമാറുമെന്നാണ് സംശയം. ഇങ്ങിനെ വന്നാൽ കേസ് വളരെയധികം ദുർബലപ്പെടുമെന്നും പൊലീസ് കരുതുന്നുണ്ട്.

വിവിധ ഇടങ്ങളിൽ പൾസർ സുനിയെ കണ്ട ആളുകളെ കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. എന്നാൽ പൾസർ സുനിയെ കണ്ടെന്ന് മാത്രമേ ഇവർ പറഞ്ഞിട്ടുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇവരാരും സാക്ഷ്യപ്പെടുത്തിയിട്ടില്ല.

പൊതു അഭിപ്രായത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന യാതൊരു തെളിവും കയ്യിലില്ലാത്തതിനാലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാത്തതെന്ന് അന്വേഷണ സംഘത്തിന് പുറത്ത് പൊലീസ് സേനയിൽ സംസാരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ