scorecardresearch
Latest News

തുടരന്വേഷണ സമയപരിധി നീട്ടരുതെന്ന് ദിലീപ്; ക്രൈം ബ്രാഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റി

ഫോണുകളില്‍നിന്ന് ഡേറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളും അടക്കം ആയിരക്കണക്കിനു ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

Actress assault case, dileep, Kerala High Court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഫോണുകളില്‍നിന്ന് ഡേറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളും അടക്കം
ആയിരക്കണക്കിനു ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കുടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി ആവശ്യപ്പെട്ടു.

അന്വേഷണം എങ്ങനെ മുന്നോട്ടു പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. അതില്‍ ഇടപെടാനാവില്ല. അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കേണ്ടതു പ്രോസിക്യൂഷന്റെ കൂടി ആവശ്യമാണ്. കോടതിയെ സമീക്കുന്നതും സമയം കൂട്ടി ചോദിക്കുന്നതും നിയമപരമാണെന്നും ഡി ജി പി വ്യക്തമാക്കി.

ന്യായാധിപരെ മോശക്കാരാക്കാന്‍ ശ്രമം: ദിലീപ്

തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂട്ടി നല്‍കരുതെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. സമയം കൂട്ടി ചോദിക്കുന്നതില്‍ ഗൂഢ ഉദ്ദേശ്യമുണ്ട്. വിചാരണ നടക്കാതിരിക്കാനാണിത്. തുടരന്വേഷണം തുടങ്ങിയിട്ട് അഞ്ച് മാസവും നാല് ദിവസവുമായെന്നു ദിലീപ് വാദിച്ചു.

പല രീതിയിലും പല വഴികളിലും കൂടി കേസ് കേള്‍ക്കുന്ന ന്യായാധിപരെ മോശക്കാരാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതി അത് പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്? നടപടിക്രമങ്ങളുടെ ഭാഗമായി വിഡിയോ മാത്രമല്ല ഏതു രേഖയും പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. കോടതി വിഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മില്‍ ബന്ധമില്ല. ഈ വിഷയത്തില്‍ കേസെടുക്കാന്‍ അധികാരം കോടതിക്കു മാത്രമാണ്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിനു പ്രതിയായ തനിക്കെന്ത് ചെയ്യാന്‍ കഴിയും? ഹാഷ് വാല്യൂ മാറിയെന്ന് അറിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു? തനിക്കെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കാന്‍ ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ടെന്ന് വ്യാപകമായി വാര്‍ത്ത കൊടുക്കുകയാണ്.

ദൃശ്യങ്ങള്‍ കണ്ട് കാറില്‍ സഞ്ചരിച്ച് കേസിനാവശ്യമായ കുറിപ്പുകളുണ്ടാക്കിയെന്നു പറഞ്ഞ് അഭിഭാഷകരെ പ്രതിക്കൂട്ടിലാക്കുകയാണ്. അങ്ങനെ ചെയ്തതില്‍ എന്താണ് തെറ്റ്? കോടതിയില്‍വച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്.

കേസിന്റെ വിചാരണ ചിലപ്പോള്‍ വിചാരണ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടും, ചിലപ്പോള്‍ അന്വേഷണം നീട്ടണമെന്ന് ആവശ്യപ്പെടും. അന്വേഷണ സംഘത്തിന്റെ കയ്യില്‍ തന്നെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നുമില്ലാത്തത് കാരണമാണിത്. കാവ്യ, ശരത്, സുരാജ് എന്നിവരെ എല്ലാം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനി ആരെയാണ് ചോദ്യം ചെയ്യണ്ടത്?

തന്നെ ഏതു വിധേനയും കസ്റ്റഡിയില്‍ വാങ്ങുകയും ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നു വരുത്തിത്തീര്‍ക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യം. ക്രൈം ബ്രാഞ്ച് അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചാണ് അനേഷണം നടത്തുന്നത്. കേവലം ഒരു ഉദ്യോഗസ്ഥന്‍ മാത്രം അല്ല അന്വേഷണത്തിനു പുറകില്‍. എനിട്ടും ഒന്നും കണ്ടെത്താനായില്ല.

ഫോണുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഡേറ്റയും അവരുടെ കയ്യിലുണ്ട്. എന്നിട്ടും അവര്‍ക്ക് എന്തുകൊണ്ട് തെളിയിക്കാന്‍ പറ്റുന്നില്ല? ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എന്ത് തിരിമറിയും നടക്കും. പൊലീസിന്റെ ഭാഗമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ദിലീപ് വാദിച്ചു.

ദൃശ്യങ്ങള്‍ ചോരുമോയെന്ന ഭയമുണ്ടെന്ന് അതിജീവിത

അതേസമയം, കേസ് കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഒഴിയണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരസിച്ചു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിട്ടത് താനായതിനാല്‍ കേസില്‍നിന്ന് നിയമപരമായി പിന്മാറാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. സ്വതന്ത്രവും ശരിയാതുമായ അന്വേഷണം വേണം. ദൃശ്യങ്ങള്‍ ചോരുമോയെന്ന ഭയമുണ്ടെന്നും ചില വാര്‍ത്തകള്‍ വിഷാദത്തിനു കാരണമായെന്നും അതിജീവിത അറിയിച്ചു.

തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം മേയ് 30ന് അവസാനിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണു പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്. നേരത്തെ, ദിലീപിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കോടതി ഒരു മാസത്തെ സമയം നീട്ടി നല്‍കിയത്.

അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം അട്ടമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളതെന്നും സര്‍ക്കര്‍ കോടതിയെ അറിയിച്ചു. ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് ബച്ചു കുരിയൻ തോമസാണ് ഹർജി പരിഗണിച്ചത്.

തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കയാണെന്നും സർക്കാർ അറിയിച്ചു. മൊബൈൽ ഡേറ്റാ കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അന്വേഷണം അവസാനിപ്പിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നല്ല നിലയിൽ മുന്നോട്ടു നീങ്ങിയ അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്. അന്വേഷണം തടസപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും നീതി ലഭിക്കാൻ ഹൈക്കോടതി ഇടപെടണമെന്നുമാണു ഹർജിയിലെ ആവശ്യം.

ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായന്നും ഹർജിയിൽ പറയുന്നു.

കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി.

ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും അതിജീവിതയുടെ ഹര്‍ജിയിൽ പറയുന്നു.

Also Read: ബലാത്സംഗക്കേസ്: വിജയ് ബാബു കൊച്ചിയില്‍; നാട്ടിലെത്തുന്നത് 39 ദിവസത്തിന് ശേഷം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case kerala high court government investigation

Best of Express