കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ നടന് ദിലീപാണന്ന് പ്രോസിക്യൂഷന്. ലൈംഗിക പീഡനത്തിനു ക്വട്ടേഷന്‍ ചരിത്രത്തിലാദ്യമാണെന്നും അസാധാരണമായ കേസാണിതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു.
20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ ദിലീപും കൂട്ടാളികളുമാണ്. ബലാത്സഗക്കേസിലെ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ പതിവില്ലാത്ത സംഭവമാണ്. ദിലീപിനെതിരെ തെളിവുണ്ട്.
പൊലീസ് പിടിച്ചെടുത്ത പീഡനദൃശ്യങ്ങള്‍ കോടതിക്കു കൈമാറണമെന്നാണ് ഒരു ഹര്‍ജിയിലെ ആവശ്യം. വീഡിയോ ക്ലിപ്പിങ് കേസില്‍ പ്രതിരോധത്തിന് ഉപയോഗിക്കുകയാണു പ്രതിയുടെ ലക്ഷ്യം. വിചാരണക്കോടതിയിലെ കേസില്‍ പ്രതിഭാഗം ഇടപെടല്‍ മൂലം സൗഹാര്‍ദപരമായ അന്തരീക്ഷമില്ലെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍മാര്‍ രാജിവയ്ക്കുകയാണ്.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തുടരന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ കണക്കിലെടുത്താല്‍ പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും സവിശേഷതയുള്ളതുമാണ്. ഗൂഢാലോചന രഹസ്യസ്വഭാവമുള്ളതായതിനാല്‍ നേരിട്ടു തെളിവ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ കേസില്‍ ഗൂഡാലോചന നേരില്‍ കണ്ടതിനു സാക്ഷിയുണ്ട്. സാക്ഷി പ്രതികള്‍ക്കെതിരെ മൊഴി നല്കിയതു കൂടാതെ തെളിവുകളും നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള മൊഴി കൂടാതെ പ്രതികള്‍ തമ്മിലുള്ള സംഭാഷണങ്കളുടെ ഓഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഒന്നും രണ്ടും പ്രതികളുടെ വസതിയില്‍ പരിശോധന നടത്തി ഫോണുകള്‍ അടക്കം 19 തൊണ്ടികള്‍ ശേഖരിച്ചു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മുഴുവന്‍ വസ്തുതകളും ആഴത്തില്‍ പരിശോധിച്ചാലെ കൃത്യം കണ്ടെത്താനാവൂ. ഒന്നാം പ്രതിയായ ദിലീപ് ഉന്നത സ്വാധീനമുള്ളയാളും കേസില്‍ നിയമപരമായി ഇടപെടാന്‍ കഴിവുള്ളയാളുമാണ്.
കേസില്‍നിന്നു തടിയൂരാനും കേസിലെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ഒന്നാം പ്രതി. പ്രതിക്കു ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. ഇതിനാൽ ജാമ്യാപേക്ഷ തള്ളണമെന്നും ക്രൈം ബ്രാഞ്ച് ബോധിപ്പിച്ചു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ദിലീപ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് നാളെ വരെ കോടതി തടഞ്ഞിരിക്കുകയാണ്.