കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംവിധായൻ ബൈജു കൊട്ടാരക്കര സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.
പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിച്ചതായും മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി ഷേഖ് ദർവേഷ് സാഹിബിനാണെന്നും സർക്കാർ അറിയിച്ചു. അന്വേഷണ സംഘത്തിനു കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണ സംഘം പു:സംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവും ഹാജരാക്കി.
സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് ഹർജി തള്ളിയത്.
ഉയർന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷത്തേക്കു മാറ്റരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു കൊട്ടാരക്കര കോടതിയെ സമീപിച്ചത്.