കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കിയതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.
സാക്ഷി എന്ന നിലയിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്ന ചട്ടമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ കാവ്യ അനുമതി തേടിയത്. ഗൂഢാലോചനയില്‍ കാവ്യക്കും പങ്കുണ്ടെന്ന് സൂചന നല്കുന്ന ചില ശബ്ദരേഖകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് ശബ്ദരേഖകളാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ സുഹൃത്തും ശരത്തും തമ്മിലുള്ളത്, അഭിഭാഷകനായ സുജേഷ് മേനോനും ദിലീപും തമ്മിലുള്ളത്, ഡോ. ഹൈദരാലിയും സുരാജും തമ്മിലുള്ളത് എന്നിവയാണ് ഈ ശബ്ദരേഖകള്‍.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഹാജരാക്കിയ ശബ്ദരേഖയില്‍ ഉള്‍പ്പെടുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സുരാജിന്റേതെന്ന് സംശയിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ശരത്തുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷയ്ക്കൊപ്പമായിരുന്നു ശബ്ദരേഖകളും ഹാജരാക്കിയത്. ഈ മാസം 15 ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരിക്കുന്നത്.
Also Read: നടിയെ ആക്രമിച്ച കേസ്; മഞ്ജുവിന്റെ മൊഴിയെടുത്തു; ദിലീപിൻ്റെയടക്കം ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞു