കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കാനാണ് കാവ്യയുടെ അഭിഭാഷകർ ശ്രമിച്ചത്. എന്നാൽ തിങ്കളാഴ്ചയേ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ. കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്‍റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് കാവ്യയും ഹർജി സമർപ്പിച്ചത്.

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്കെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ക്യാവ്യ പങ്കെടുത്ത ചടങ്ങുകളിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനേ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മുടങ്ങി. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ