സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുന്നത് ആരെയോ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെന്ന് ജോയ് മാത്യു. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. എനിക്ക് മുഖ്യമന്ത്രിയെയാണ് വിശ്വാസമെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെമാത്രം
——————————-
സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാൻ മൗനം പാലിക്കുന്നത് ആരെയോ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു- എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ,
എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം –
അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ “ഗൂഢാലോചന നടന്നിട്ടില്ലെന്ന്”
ഞാനത് വിശ്വസിക്കുന്നു
അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും
അതല്ലേ അതിന്റെ ശരി?