കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നാല് മണിക്കൂർ മൊഴിയെടുത്തു എന്നാണ് വിവരം. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാമ്പിളുകൾ മഞ്ജു തിരിച്ചറിഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ് നല്‍കിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. എവിടെ വച്ചാണ് ചോദ്യം ചെയ്യൽ എന്നതിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമാവുകയുള്ളു എന്നാണ് അറിയുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്ന് ശബ്ദരേഖകള്‍ കൂടി അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ സുഹൃത്തും ശരത്തും തമ്മിലുള്ളത്, അഭിഭാഷകനായ സുജേഷ് മേനോനും ദിലീപും തമ്മിലുള്ളത്, ഡോ. ഹൈദരാലിയും സുരാജും തമ്മിലുള്ളത് എന്നിവയാണ് ഈ ശബ്ദരേഖകള്‍.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഹാജരാക്കിയ ശബ്ദരേഖയില്‍ ഉള്‍പ്പെടുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സുരാജിന്റേതെന്ന് സംശയിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ശരത്തുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷയ്ക്കൊപ്പമായിരുന്നു ശബ്ദരേഖകളും ഹാജരാക്കിയത്.
Also Read: ‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്