കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അരമണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ‘അമ്മ’ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്തതെന്നും റിഹേഴ്സൽ സമയത്തെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചുവെന്നും ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയിൽനിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ ആരാഞ്ഞിരുന്നു. അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിലുള്ള സിഐ ബിജു പൗലോസ് നടിയെ വിളിച്ച് ചോദിച്ചത്.

നേരത്തെ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാവ്യയെ ആറു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കാവ്യയുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സുനിൽകുമാറിനെ മുൻ പരിചയമില്ലെന്നാണ് കാവ്യ നൽകിയിരിക്കുന്ന മൊഴി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ദിലീപിന്‍റെ ആലുവ പരവൂർ കവലയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്തത്.

കാവ്യയെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശ്യാമളയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് യാതൊന്നും തനിക്ക് അറിയില്ലെന്നാണ് ശ്യാമള പൊലീസിനോട് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ