കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും മഞ്ജുവാര്യരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തു. മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ, ദിലീപിന്റെ സഹോദരീ ഭർത്താവ് എന്നിവരടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പടുത്തിയത്. ദിലീപിന് നടിയോട് വൈരാഗ്യമുണ്ടാകാൻ കുടുംബപ്രശ്നങ്ങൾ കാരണമായോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽനിന്നുളള കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങ്ങൾ ആരാഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുളള പ്രശ്നങ്ങളെപ്പറ്റി ചോദിച്ചതായാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും ദിലീപുമായി പരിചയമില്ലെന്ന് ശ്രിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.

നടൻ സിദ്ദിഖിൽനിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് വിവരം. ദിലീപും ആക്രമിക്കപ്പെട്ട നടിയും പങ്കെടുത്ത സ്റ്റേജ് ഷോയിൽ സിദ്ദിഖും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സിദ്ദിഖിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞതെന്നാണ് സൂചന. നേരത്തെ ഗായിക റിമി ടോമിയിൽനിന്നും അന്വേഷണം സംഘം മൊഴിയെടുത്തിരുന്നു. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിമിയിൽനിന്നും ചോദിച്ചറിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ