കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ദിലീപിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ കോടിതിയല്‍ പറഞ്ഞു. ദിലീപിന്റെ ഹര്‍ജി 25 ന് പരിഗണിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ അവശ്യം.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കൈവശമുള്ള കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കുറ്റാരോപിതന്‍ ദിലീപിന്റെ ഹര്‍ജിയും 25 ന് പരിഗണിക്കും. ജയിലില്‍ കഴിയുന്ന സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി.
കേസിലെ പുതിയ സാക്ഷികളെ 22 മുതല്‍ വിസ്തരിക്കാന്‍ വിചാരണക്കോടതി അനുമതി നല്‍കി. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെയാണ് 22 ന് വിസ്തരിക്കുന്നത്. സത്യമൂർത്തിയെ 25 നും വിസ്തരിക്കും.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഉള്‍പ്പെട്ട ആറ് പേരെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ആറാം പ്രതിയെന്നും പൊലീസ് പറയുന്നു. ദിലീപടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
Also Read: കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം; കോളേജുകള്‍ അടച്ചേക്കും; നിര്‍ണായക യോഗം ഇന്ന്