scorecardresearch
Latest News

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യം; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നു കഴിഞ്ഞ ദിവസം വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കിയിരുന്നു

Actress Attack Case, Dileep, Su

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റാരോപിതന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നും ഇപ്പോള്‍ തന്നെ രണ്ടു മാസം കഴിഞ്ഞെന്നും കോടതി കഴിഞ്ഞ ദിവസം വാദം കേള്‍ക്കെ ചൂണ്ടിക്കാണിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ നാല് വര്‍ഷം എവിടെയായിരുന്നുവെന്ന് ചോദിച്ച കോടതി, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര അന്വേഷിക്കാനുള്ളതെന്ന് ആരാഞ്ഞു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ആരാഞ്ഞു.

തുടരന്വേഷണം അനിവാര്യമാണെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയെ ബോധിപ്പിച്ചു. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയ സമയത്ത് താന്‍ ബെംഗളൂരുവിലായിരുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. വിശദമായ മൊഴി നല്‍കി. ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായതെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഔദ്യോഗിക വിവരം ചോര്‍ത്തി; പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പുറത്താക്കി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case investigation dileep kerala high court