കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. ദിലീപിൻ്റെ ഹർജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം കോടതിക്ക് അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യര്‍ത്ഥിച്ചു. കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേസിലെ അന്വേഷണത്തില്‍ പാളിച്ചകളുണ്ടായി, അത് മറച്ച് വയ്ക്കാനാണ് തുടരന്വേഷണം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണം നടത്താന്‍ ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഇന്നലെ തനിക്കെതിരായ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന് ബി.രാമന് പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ദിലീപ്.
ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ദിലീപടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അന്വേഷണത്തില്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറഞ്ഞു.
Also Read: ‘കീഴ്വഴക്കം ലംഘിച്ചു;’ ഹരി എസ് കർത്തയുടെ നിയമനത്തിൽ ഗവർണറെ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ