കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് രണ്ട് വട്ടം തുറന്നെന്നും ഹാഷ് വാല്യൂ മാറിയതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കൂടുതൽ പരിശോധന വേണമെന്നും വീണ്ടും പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയക്കണമെന്നുമുള്ള അപേക്ഷയാണ് വിചാരണക്കോടതി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലന്നും റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാബിൻ്റെ ആവശ്യം. കേസന്വേഷണവും തെളിവു ശേഖരണവും പൊലീസിൻ്റെ അധികാരത്തിൽ പെടുന്ന കാര്യമാണന്നും പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ നിലപാട് അംഗീകരിക്കാനാവില്ലന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും പരിശോധന വേണ്ടെതില്ലന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 09, ഡിസംബര്‍ 13 തീയതികളില്‍ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കാര്‍ഡ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് സംഭവം. ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും.
Also Read: നടിയെ ആക്രമിച്ച കേസ്: മേൽനോട്ട ചുമതലയിൽനിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജി തള്ളി