കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യംചെയ്തു. കേസിൽ റിമാന്റിൽ കഴിയുന്ന കാവ്യയുടെ ഭർത്താവും നടനുമായ ദിലീപിന്റെ ആലുവയിലുള്ള തറവാട്ട് വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍.

നടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതായാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. വൈകിട്ട് ഏഴ് മണിയോടെയാണ് ഇത് അവസാനിപ്പിച്ച് അന്വേഷണ സംഘം തിരിച്ച് പോയത്. അതേസമയം അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ എഡിജിപി ബി.സന്ധ്യ ആലുവ പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ദിലീപിനെ കോടതിക്കു മുന്നിൽ ഹാജരാക്കിയത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടികൾ വീഡിയോ കോൺഫറൻസിങ് വഴിയാക്കിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ