കൊച്ചി: നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫൊറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്നു പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങിയത്.

ആരോപണം നേരിട്ട മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കേസിലെ പ്രതികൾ ഒളിപ്പിച്ച നിർണായക തൊണ്ടിമുതലുകൾ പലതും ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

അറസ്റ്റിലായ പ്രതികളും പൊലീസിനെ വഴിതെറ്റിക്കുന്ന മൊഴികളാണു പറയുന്നത്. ഈ സാഹചര്യത്തിലാണു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. കേസിൽ ലഭ്യമായ ഇത്തരം ദൃശ്യങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോർന്നു എന്നാണ് ആരോപണമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.