കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. കൊച്ചിയിൽ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെയാണ് ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി മാറ്റിയത്.  സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.

കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി. എന്നാൽ ഇന്നു നടന്ന വിസ്താരത്തിൽ ബാബു മൊഴി മാറ്റി. ചില കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്ന് ബാബു കോടതിയിൽ പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ അമ്മ ശ്യാമള മാധവനെയും ഇന്ന് വിസ്തരിക്കേണ്ടതായിരുന്നു. ശ്യാമള കോടതിയിലെത്തിയിരുന്നെങ്കിലും സാക്ഷി വിസ്താരപ്പട്ടികയിൽനിന്ന് പ്രോസിക്യൂഷൻ ഒഴിവാക്കുകയായിരുന്നു. ദിലീപുമായി കാവ്യയ്ക്കു ബന്ധമുണ്ടെന്നു പറഞ്ഞുകേട്ടതായി മഞ്ജുവാര്യരെ അറിയിച്ചിരുന്നുവെന്ന് ശ്യാമള പൊലീസിനു മൊഴിനൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടാനാണു ശ്യാമളയെ വിസ്താരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

Read Also: ഇത് ചെയ്തവരോട് ഞാനൊരിക്കലും പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് താര കല്യാൺ

നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. ഇന്ന് നടി ഭാമയെയും മറ്റു നാലുപേരെയും വിസ്തരിക്കും. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും.

ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.