കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന കുറ്റാരോപിതന്‍ നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം പൂര്‍ത്തിയാക്കാനും അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സാവകാശം തേടി. മൂന്ന് മാസം കൂടി വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.
അന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന കോടതിയുടെ വാക്കാലുള്ള നിര്‍ദേശത്തെ്ുടര്‍ന്നാണ് പ്രോസിക്യൂഷന്‍ രേഖാമൂലം സാവകാശം തേടിയത്. തുടരന്വേഷണ പദ്ധതിയും രേഖകളും ബന്ധപ്പെട്ട വിശദാംശങ്ങളും ബന്ധപ്പെട്ട വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനു വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിറുമായി പരിചയമില്ലെന്നും ബാലചന്ദ്രകുമാര്‍ സ്വാഭാവിക സാക്ഷിയാണന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
ബാലചന്ദ്രകുമാര്‍ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ലന്നും പൊലീസിനു പരാതി നല്‍കുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരു മാസം മുന്‍പ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസമെന്നും
കോടതി ആരാഞ്ഞു.
ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നു വാദത്തിനിടെ ദിലീപ് ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു.
Also Read: നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ
ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥനു ചേര്‍ന്ന് കെട്ടിച്ചമച്ച കഥയാണ് വധ ഗൂഡാലോചനയെങ്കില്‍ അപാകതയില്ലാത്ത ഒരു കഥ അവതരിപ്പിക്കാമായിരുന്നില്ലേയെന്നു കോടതി ചോദിച്ചു.
ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ തുടരന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി ആരാഞു. അന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നും നടി ബോധിപ്പിച്ചു.
അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്നും ഇപ്പോള്‍ തന്നെ രണ്ടു മാസം കഴിഞ്ഞെന്നും കോടതി കഴിഞ്ഞ ദിവസം വാദം കേള്‍ക്കെ ചൂണ്ടിക്കാണിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ നാല് വര്‍ഷം എവിടെയായിരുന്നുവെന്ന് ചോദിച്ച കോടതി, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര അന്വേഷിക്കാനുള്ളതെന്ന് ആരാഞ്ഞു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ആരാഞ്ഞു.
തുടരന്വേഷണം അനിവാര്യമാണെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയെ ബോധിപ്പിച്ചു. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയ സമയത്ത് താന്‍ ബെംഗളൂരുവിലായിരുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. വിശദമായ മൊഴി നല്‍കി. ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായതെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.