തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി.എം.വര്‍ഗീസ് തന്നെ കേസ് തുടര്‍ന്നും കേള്‍ക്കും. ജഡ്ജിയില്‍ വിശ്വാസമില്ലെന്ന നടിയുടെ വാദവും വിചാരണ ഉപദ്രവമായി മാറിയെന്ന നടിയുടെ വാദവും കോടതി അംഗീകരിച്ചില്ല .
വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന നടിയുടെ ആവശ്യവും കോടതി തള്ളി. അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് നടിയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത്.
ജഡ്ജി ഹണി എം.വർഗീസ് കേസ് കേട്ടാൽ നീതി ലഭിക്കില്ലെന്നായിരുന്നു അതിജീവിതയുടെ വാദം. ഹണി എം.വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി ചുമതലയേറ്റതോടെ നടിയെ ആക്രമിച്ച കേസ് അവിടേയ്ക്ക് മാറ്റിയിരുന്നു. നിലവിൽ കേസ് കേട്ടിരുന്ന സിബിഐ സ്പെഷൽ കോടതി തന്നെ കേസ് കേൾക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.