കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടുമായി ഹൈക്കോടതി. എറണാകുളം തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ റജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കോടതി പരിഗണിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഗുരുതരമായ സാഹചര്യമാണ്. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ് ഉള്ളത്. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ സാധിക്കുന്നില്ല.കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.