കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഹൈക്കോടതി. പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതാണ് ഹൈക്കോടതിയുടെ പരാമര്‍ശത്തിന് കാരണം.

കേസിലെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി കോടതി തള്ളി. കേസിലെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിർദേശത്തില്‍ കോടതി ഉറച്ചുനിന്നു.

സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. വിചാരണ വൈകിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം കേള്‍ക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.