scorecardresearch

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: അന്തിമ റിപ്പോര്‍ട്ട് 22നകം സമര്‍പ്പിക്കണം

തുടരന്വേഷണ റിപ്പോര്‍ട്ട് തയാറാണെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു

തുടരന്വേഷണ റിപ്പോര്‍ട്ട് തയാറാണെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു

author-image
WebDesk
New Update
Actress assault case| dileep| Kerala High Court

ലൈംഗീക അതിക്രമ കേസ്: വാദം മാറ്റി വയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി 22 വരെ സമയമനുവദിച്ചു. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

Advertisment

മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ നേര്‍പകര്‍പ്പും മിറര്‍ ഇമേജും അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണു കോടതി സമയം അനുവദിച്ചത്. കൂടുതല്‍ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

തുടരന്വേഷണ റിപ്പോര്‍ട്ട് തയാറാണെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ നേര്‍ പകര്‍പ്പും മിറര്‍ ഇമേജും തിരുവനന്തപരും ഫോറന്‍സിക് സയൻസ് ലാബില്‍നിന്ന് ലഭിച്ചതായും പ്രോസിക്യൂഷന്‍ അറിയിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി നടക്കുന്ന തുടരന്വേഷണത്തെ, ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ബാധിക്കുന്നില്ലെന്നും രണ്ടും രണ്ടാണെന്നും ഒന്നും ചെയ്യാനില്ലെന്നും
കോടതി പരാമര്‍ശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷമാണു ശ്രീലേഖയുടെ വെളിപ്പെടുത്തലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

തുടരന്വേഷണത്തിനു സമയം നീട്ടി നല്‍കണമെന്നും ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം കോടതി കണക്കിലെടുത്തില്ല.

ഇതു മൂന്നാം തവണയാണു ഹൈക്കോടതി തുടരന്വേഷണത്തിനു സമയം നീട്ടി നല്‍കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കുടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്.

ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ചവരെ പിടികൂടണമെന്നു വിചാരണക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കേസന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു നിര്‍ദേശം.

വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ, 2021 ജൂലൈ 19 നു ഉച്ചയ്ക്കു 12.19 മുതല്‍ 12.54 വരെ മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ചതാണു ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഉള്‍പ്പെടെ മൂന്നു തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നാണു കണ്ടെത്തല്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കൈവശം ഇരിക്കുമ്പോഴുമാണു മറ്റു രണ്ടു തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒന്‍പതിനു രാത്രി 9.58 നു ലാപ്‌ടോപ്പിലും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13 ന് രാത്രി 10.58ന് ആന്‍ഡ്രോയിഡ് ഫോണിലും മെമ്മറി കാര്‍ഡ് ഉപയോഗിച്ചതായാണു പരിശോധനയില്‍ കണ്ടെത്തിയത്.

അജകുമാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ അഡ്വ. അജകുമാറിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണിത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി കെ ബി സുനിൽ കുമാറിനെയും നിയമിച്ചു.

Kerala High Court Dileep Actress Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: