scorecardresearch
Latest News

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: ദിലീപും ശരത്തും കോടതിയില്‍ ഹാജരായി; കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യം വെള്ളിയാഴ്ച തള്ളിയ കോടതി ദിലീപിനും ശരത്തിനുമെതിരായ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കിയിരുന്നു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: ദിലീപും ശരത്തും കോടതിയില്‍ ഹാജരായി; കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. കേസിലെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടി.

ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യം വെള്ളിയാഴ്ച തള്ളിയ കോടതി ദിലീപിനും ശരത്തിനുമെതിരായ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കിയിരുന്നു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ ഇരുവരും 31 നു ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഇരുവരും ഇന്നു ഹാജരായത്.

തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ചുമത്തിയ തെളിവ് നശിപ്പിക്കല്‍, തെളിവ് മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണു കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്റെയും ശരത്തിന്റെയും വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്നാണു കോടതി വ്യക്തമാക്കിയത്. വിചാരണ നവംബര്‍ 10 നു തുടങ്ങും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള തുടരന്വേഷണത്തിന്റ ഭാഗമായി ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നു ക്രൈംബാഞ്ചിനു ദിലീപ് ഫോണുകള്‍ കൈമാറിയിരുന്നു. എന്നാല്‍, ഇതിനു മുന്‍പ്് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നു കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ലാബില്‍ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്നതാണു ശരത്തിനെതിരായ കുറ്റം. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും ഈ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണു ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case further investigation charge sheet dileep appears in court