കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് തയാറായിട്ടുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാർഡിൻ്റെ ക്ലോൺഡ് കോപ്പിയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയില്‍ പറഞ്ഞു.
ലാബിൽ നിന്ന് പരിശോധനാ ഫലം സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കാനും റിപ്പോര്‍ട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം നീട്ടിച്ചോദിച്ച് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്ന റിപ്പോർട്ടിനെത്തുടർന്ന് കുടുതൽ പരിശോധനക്കായാണ് ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീലേഖയുടെ വെളിപ്പെടുത്തലിന് കേസുമായി എന്താണ് ബന്ധമെന്നും എന്ത് പ്രാധാന്യമാണുള്ളതെന്നും കോടതി ആരാഞ്ഞു. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച സമയം ഇന്നവസാനിക്കുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.